ഈ മാസം യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

google news
modi

യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണിത്. കഴിഞ്ഞ 8 മാസങ്ങൾക്കിടെ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത് 3-ആം തവണയാണ്.

സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തുമെന്നും 2024ലെ വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

2015-ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ എട്ടാമത്തെ യുഎഇ സന്ദർശനമാണിത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഉഭയകക്ഷി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കാനും ശക്തിപ്പെടുത്താനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും.

Tags