‘നരേന്ദ്ര മോദി സംസ്ഥാനങ്ങളെ വെറും നഗരസഭകളായിട്ടാണ് കരുതുന്നത്’ : എം.കെ.സ്റ്റാലിന്‍

google news
stalin

ചെന്നൈ: സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിക്കുന്നവരായിരുന്നു മുന്‍ പ്രധാനമന്ത്രിമാരെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. എന്നാല്‍ നരേന്ദ്ര മോദി സംസ്ഥാനങ്ങളെ വെറും നഗരസഭകളായിട്ടാണ് കരുതുന്നതെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയുകയായിരുന്നു പ്രധാനമന്ത്രിയായപ്പോള്‍ ആദ്യം അദ്ദേഹം ചെയ്തത്. സാമ്പത്തിക അവകാശങ്ങള്‍ നഷ്ടപ്പെട്ടു, വിദ്യാഭ്യാസത്തിനുള്ള അവകാശം എടുത്തുകളഞ്ഞു, ഭാഷയ്ക്കുള്ള അവകാശം എടുത്തുകളഞ്ഞു, നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശം ഇല്ലാതാക്കുന്നത് ഓക്‌സിജന്‍ ഇല്ലാതാക്കുന്നതിനു തുല്യമാണ്. അതാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. നാളെ നിങ്ങളുടെ സംസ്ഥാനങ്ങള്‍ക്കും ഇതേ വിധിയായിരിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയാണ്. ബിജെപി സര്‍ക്കാരിന്റെ ഈ ഏകാധിപത്യ നടപടികള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ ശക്തമായി പോരാടുകയാണ്. ഇതേ രീതിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പോരാട്ടമുഖത്തുണ്ട്.

ജിഎസ്ടിക്ക് ശേഷം എല്ലാ സംസ്ഥാന സര്‍ക്കാരുകളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇത് തടയുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനു പിന്തുണ അറിയിച്ചുള്ള സ്റ്റാലിന്റെ വിഡിയോ സന്ദേശത്തിലാണ് പരാമര്‍ശങ്ങള്‍.

Tags