നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് കെടുത്തുന്നു ; മന്‍മോഹന്‍ സിംഗ്

manmohan singh

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. പ്രതിപക്ഷത്തിനെതിരേയും ചില പ്രത്യേക സമുദായങ്ങള്‍ക്കെതിരേയും വിദ്വേഷവും അണ്‍പാര്‍ലമെന്ററി പ്രയോഗങ്ങളും നടത്തി മോദി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് കെടുത്തുകയാണെന്ന് മന്‍മോഹന്‍ സിംഗ് ആരോപിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് 'കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്' വിതരണം ചെയ്യുമെന്ന മോദിയുടെ ആരോപണത്തിനെതിരെയും മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചു. രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യം അവകാശവാദം ഉന്നയിക്കുന്നത് മുസ്ലിംകള്‍ക്കാണെന്ന് താന്‍ പറഞ്ഞിട്ടെല്ലെന്നും തന്റെ പേരില്‍ പച്ചയായ നുണ പരത്തുകയാണ് മോദി ചെയ്തതെന്നും മന്‍മോഹന്‍ പറഞ്ഞു.
'അദ്ദേഹം എനിക്കെതിരെ ചില തെറ്റായ പ്രസ്താവനകള്‍ നടത്തി. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചിട്ടില്ല. അത് ബിജെപിയുടെ മാത്രം പകര്‍പ്പവകാശമാണ്,' മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിലെ ജനങ്ങള്‍ക്ക് അയച്ച കത്തില്‍, പ്രധാനമന്ത്രി മോദി വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് നടത്തിയതെന്നും മന്‍മോഹന്‍ സിംഗ് ആരോപിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാന ലംഘനത്തിനെതിരെ തുറന്നടിച്ച മന്‍മോഹന്‍ സിംഗ്, കഴിഞ്ഞ പത്ത് വര്‍ഷമായി കര്‍ഷകരുടെ വരുമാനം പൂര്‍ണ്ണമായി ഇല്ലാതായെന്നും ആരോപിച്ചു.
'കര്‍ഷകരുടെ ദേശീയ ശരാശരി പ്രതിമാസ വരുമാനം പ്രതിദിനം 27 രൂപ മാത്രമാണ്, അതേസമയം ഒരു കര്‍ഷകന്റെ ശരാശരി കടം 27,000 രൂപ ആണ്. ഇന്ധനവും വളവും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഉയര്‍ന്ന ചിലവ്, ജിഎസ്ടി, കാര്‍ഷിക കയറ്റുമതിയിലും ഇറക്കുമതിയിലും വിചിത്രമായ തീരുമാനങ്ങളെടുക്കല്‍, നമ്മുടെ കര്‍ഷക കുടുംബങ്ങളുടെ സമ്പാദ്യം നശിപ്പിക്കുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു.' മുന്‍ പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Tags