മുസ്‍ലിം സമുദായത്തിനെതിരെ പ്രകോപന പ്രസംഗം ; ബി.ജെ.പി നേതാവ് നസിയ ഇലാഹി ഖാനെതിരെ കേസ്
ബംഗളൂരു: മുസ്‍ലിം സമുദായത്തിനെതിരെ പ്രകോപന പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ വക്താവും ന്യൂനപക്ഷ നേതാവുമായ നസിയ ഇലാഹി ഖാനെതിരെ കേസെടുത്തു. ബെളഗാവി മാരിഹാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജനുവരി 19ന് സുലേഭാവിയിൽ ഹിന്ദു പ്രവർത്തകർ പങ്കെടുത്ത ‘ബതെംഗെ ടു കതെംഗെ’ എന്ന പരിപാടിയിൽ നസിയ ഖാൻ മുസ്‍ലിംകൾക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്നാണ് പരാതി. പ്രസ്താവനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി മുസ്‍ലിം സമുദായക്കാർ മാരിഹാൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചതിനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചതിനും ഭാരതീയ ന്യായ സംഹിത സെക്ഷൻ 192, 302 പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
ജനുവരി അഞ്ചിന് ഡൽഹിയിൽ ഹിന്ദു ഗ്രൂപ്പായ ചേതന സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ മറ്റൊരു പ്രകോപന പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.ജെ.പി) ഡലഹി ചീഫ് ഇലക്ടറൽ ഓഫിസർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.