കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; മോദിക്ക് വീണ്ടും കത്തയച്ച് മമത ബാനർജി
Aug 30, 2024, 23:01 IST
കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേരത്തെ മമത മോദിക്ക് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചിരുന്നു.
എന്നാൽ ആ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഒരിക്കൽ കൂടി കത്തയച്ചിരിക്കുന്നത്. ഓഗസ്റ്റ് 22ന് അയച്ച കത്തിന് മറുപടി നൽകാത്തതിൽ നിരാശയും പ്രകടിപ്പിക്കുന്നുണ്ട്.
‘ബലാത്സംഗ സംഭവങ്ങളിൽ കർശനമായ കേന്ദ്ര നിയമനിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനെക്കുറിച്ചും ഓഗസ്റ്റ് 22ന് ഞാൻ താങ്കൾക്ക് അയച്ച കത്ത് ഓർമയുണ്ടാകുമെന്ന് കരുതുന്നു. ഇത്തരമൊരു വിഷയത്തിൽ നിങ്ങളിൽ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല,’ മമത പറഞ്ഞു.