അനുവാദമില്ലാതെ വെളുത്തുള്ളി മുറിച്ചതിന് ഭാര്യയെ തീകൊളുത്തിക്കൊന്ന കേസ് : ഭർത്താവിന് ജീവപര്യന്തം തടവ്

google news
court

ഭോപ്പാൽ: ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. അഡീഷനൽ സെഷൻസ് ജഡ്ജി രേഖ ആർ. ചന്ദ്രവൻഷിയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 3000 രൂപ പിഴയും ചുമത്തി .

2018 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ അറിയിക്കാതെ വെളുത്തുള്ളി മുറിച്ചതിന്റെ പേരിലാണ് വിപാലിപാട സ്വദേശി പ്രകാശ് ഭീല ഭാര്യ കവിതയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. നൂറു ശതമാനം പൊള്ളലേറ്റ കവിതയെ ചികിത്സക്കായി ഇൻഡോറിലെ എം.വൈ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

രേഖകളിലുള്ള തെളിവുകൾ പരിശോധിച്ച് സംശയാതീതമായി പ്രതികൾക്കെതിരെയുള്ള കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയായിരുന്നു.

വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ ജാമ്യത്തുക പിഴയായി പിടിച്ചെടുത്ത് ശിക്ഷ അനുഭവിക്കാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിന്റെ വിചാരണ വേളയിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതിയെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
 

Tags