മുംബൈയിൽ യുവാവ് മദ്യലഹരിയിൽ വാഹനമോടിച്ചു, പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡുകൾ ഇടിച്ചുതകർത്തു;
മുംബൈ: മദ്യലഹരിയിലെത്തിയ യുവാവ് പൊലീസ് ബാരിക്കേഡുകൾ ഇടിച്ചുതകർത്തു. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തൻറെ കാർ മാറ്റുവാഹനങ്ങളിൽ പിടിപ്പിക്കുകയും ചെയ്തു. പരിശോധനയുടെ ഭാഗമായി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഇയാൾ അപകടകരമായ രീതിയിൽ ഇടിച്ചുതകർക്കുകയും ചെയ്തു. മുംബൈ അന്ധേരി ഈസ്റ്റിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ ഗോഖലെ പാലത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
കേസിൽ പ്രതിയായ ദേവപ്രിയ നിഷാങ്ക് എന്ന 32 -കാരൻ മദ്യലഹരിയിലാണ് തൻ്റെ ഹൈ-എൻഡ് കാർ ഓടിച്ചിരുന്നത്. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. “മുന്നിൽ പൊലീസ് പരിശോധന നടക്കുന്നതുകണ്ട പെട്ടെന്ന് വണ്ടി തിരിക്കാൻ ശ്രമിച്ച ഇയാളുടെ കാർ ഞങ്ങളുടെ ബാരിക്കേഡുകളിൽ ഇടിച്ചു. ഇതേസമയം തന്നെ മറ്റു വണ്ടികളിലും ഇടിച്ചു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസുകാരും, വഴിയാത്രക്കാരും ചേർന്ന് ഇയാളെ പിന്തുടർന്ന് കാർ നിർത്താൻ നിർബന്ധിച്ചു.
കാറിന്റെ ഡോർ തുറക്കാൻ അയാൾ വിസമ്മതിച്ചതിനാൽ ആളുകൾ ചേർന്ന് വണ്ടിയുടെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ മർദ്ദിച്ചു”, പൊലീസ് പറഞ്ഞു. പിന്നാലെയെത്തിയ പൊലീസ് യുവാവിനെ വൈദ്യപരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വോർലിയിൽ താമസിക്കുന്ന ഒരു ബിസിനസുകാരനാണ് പ്രതിയായ നിഷാങ്ക്.