മുംബൈയിൽ വിവാഹാഭ്യർത്ഥന നിരാകരിച്ച 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരൻ

google news
crime

മുംബൈ: വിവാഹാഭ്യർത്ഥന നിരാകരിച്ച 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരൻ. മുംബൈയിലെ കാലാചോകി മേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ക്രൂരമായ ആക്രമണം നടന്നത്. വിവാഹാഭ്യർത്ഥന നിരാകരിച്ചതിലൂടെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു 44കാരന്റെ ക്രൂരത. യുവതിയുടെ വീട്ടിലെത്തിയായിരുന്നു 44കാരൻ 25കാരിയെ ആക്രമിച്ചത്. കാലചോകിക്ക് സമീപത്തെ പരശുറാം നഗർ സ്വദേശിയായ 44കാരൻ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്.

രണ്ട് സഹോദരന്മാർക്കൊപ്പമാണ് 25കാരി താമസിച്ചിരുന്നത്. ഒരു വർഷത്തോളമായി യുവതിയും 44കാരനും പരിചയത്തിലായിരുന്നു. യുവതിയെ വിവാഹം ചെയ്യണമെന്ന് 44കാരൻ അഗ്രഹം പ്രകടിപ്പിച്ചിരുന്നു. യുവതി ഇക്കാര്യം തിങ്കളാഴ്ച നിരാകരിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് 44കാരൻ യുവതിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്തത്. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ യുവതിയെ ആശുപത്രിയിലെത്തിച്ചു.

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് യുവതി. അതേസമയം അയൽവാസികളെത്തിയതോടെ സ്ഥലത്ത് നിന്ന് 44കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമിയെ പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Tags