മുംബൈയിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ 70കാരന് നഷ്ടപ്പെട്ടത് 2.6 ലക്ഷം രൂപ

cyber
cyber

മുംബൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ 70കാരന് 2.6 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഒരാഴ്ച ഡിജിറ്റൽ റിമാൻഡിലാണെന്നും പുറത്തിറങ്ങരുതെന്നും ഇരയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരൻ തുക കൈക്കലാക്കിയത്. മുംബൈ സാന്താക്രൂസ് ഈസ്റ്റിൽ താമസിക്കുന്ന ജെ.എ. പെരിയേര എന്നയാളാണ് പരാതിക്കാരൻ.

വഞ്ചന കേസിന് അജ്ഞാതർക്കെതിരെ വക്കോല പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നവംബർ 14 ന് ഉച്ചയ്ക്ക് 2.52ഓടെ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽ നിന്ന് പെരിയേരക്ക് ഒരു കോൾ ലഭിക്കുകയായിരുന്നു. അയാളുടെ കോൺടാക്റ്റ് നമ്പർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എഫ്.ഐ.ആറുകളുണ്ടെന്നും വിളിച്ചയാൾ അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ തട്ടിപ്പുകാരൻ പെരിയേരയെ ഭയപ്പെടുത്തി. ശേഷം വിഡിയോ കോൾ ചെയ്തു. നവംബർ 14 മുതൽ 20 വരെ പുറത്തിറങ്ങരുതെന്ന് നിർദേശിച്ചു.

തുടർന്ന്, അന്വേഷണത്തിൻ്റെ മറവിൽ തട്ടിപ്പുകാരൻ ഇയാളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടു. 20ന് ബാങ്കിങ്, ആധാർ കാർഡ് വിശദാംശങ്ങൾ നൽകിയ ശേഷം തട്ടിപ്പുകാരൻ പണം കൈമാറാൻ ആവശ്യപ്പെട്ട് ഒരു അക്കൗണ്ട് വിശദാംശങ്ങൾ അയച്ചു.

ഇത് അന്വേഷണത്തിൻ്റെ ഭാഗമാണെന്നും എഫ്.ഐ.ആർ തീർപ്പാക്കുന്ന മുറക്ക് തുക തിരികെ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ശേഷം തട്ടിപ്പ് ബോധ്യമായതിനെ തുടർന്ന് ജെ.എ. പെരിയേര പൊലീസിനെ സമീപിക്കുകയായിരുന്നു.

Tags