വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിൽ നിന്ന് ജീവനാംശം തേടില്ല : മുംബൈ കോടതി
court

മുംബൈ : വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിൽ നിന്ന് ജീവനാംശം തേടില്ലെന്ന വിചിത്ര ഉത്തരവുമായി മുംബൈ കോടതി. ഗാർഹിക പീഡനക്കേസിൽ ഭർത്താവിനെതിരെ ദന്തഡോക്ടറായ യുവതി നൽകിയ പരാതിയിലാണ് കോടതിയുടെ മറുപടി. 

പരാതിക്കാരി ഡോക്ടറും മുംബൈ പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ താമസിക്കുന്ന വ്യക്തിയുമാണ്. അവർ ദന്തിസ്റ്റായി പ്രാക്ടീസ് ചെയ്യാനൊരുങ്ങുന്ന ആളുമാണ്. മുംബൈ പോലുള്ള നഗരത്തിൽ അവർക്ക് എളുപ്പം ജോലി ലഭിക്കും. 2020-11 കാലഘട്ടത്തിലാണ് അവർ ബി.ഡി.എസ് പൂർത്തിയാക്കിയതെന്നും സിറ്റി മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.

തനിക്കും മൂന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികൾക്കും പ്രതിമാസം 1.10 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. 2018ൽ ഇളയ കുഞ്ഞിനെ ഗർഭം ധരിച്ച വേളയിലാണ് പരാതിക്കാരി രാജസ്ഥാനിലെ ഭർതൃകുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോന്നത്. കൂട്ടുകുടുംബമായിരുന്നു അത്. അന്നു മുതൽ സ്വന്തംവീട്ടിലാണ് കുട്ടികളോടൊപ്പം കഴിയുന്നത്.

ഭർത്താവ് ബിസിനസുകാരനാണെന്നും നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നും 3500 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നാല് കാറുകളുണ്ടെന്നും അവർ പരാതിയിൽ വിശദീകരിക്കുന്നുണ്ട്. ഇളയ കുട്ടിയെ വളർത്തേണ്ട ചുമതലയുള്ളതിനാൽ ജോലിക്കൊന്നും പോകാതെ കഴിഞ്ഞ മൂന്നുവർഷമായി വീട്ടിൽ തന്നെ കഴിയുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ ചെലവുകൾക്കും ആശ്രയിക്കുന്നത് മാതാപിതാക്കളെയാണ്. മുംബൈയിൽ വീടിന് വാടക കൊടുക്കാൻ വേണ്ട തുക ഭർത്താവിൽ നിന്ന് ഈടാക്കണമെന്നും ആവശ്യമുണ്ട്.

മാതാപിതാക്കളുടെ സ്വത്തുവകകൾക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശമുള്ള കാലമാണിത്. അതിനാൽ എല്ലാ അവകാ​ശത്തോടെയും പരാതിക്കാരിക്ക് സ്വന്തം വീട്ടിൽ കഴിയാം. അതിനാൽ മറ്റൊരു താമസ സൗകര്യം യുവതിക്ക് ആവശ്യമില്ലെന്നായിരുന്നു മജിസ്ട്രേറ്റിന്റെ കണ്ടെത്തൽ. അതേസമയം കുട്ടികളെ വളർത്തുന്നതിന് പ്രതിമാസം 20,000 രൂപ യുവാവ് നൽകണമെന്നും മജിസ്ട്രേറ്റ് വിധിച്ചു.

Share this story