മുക്താർ അൻസാരിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണം : മായാവതി

യുപി ജനങ്ങള്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് മായാവതി

ലഖ്നോ: ഉത്തർപ്രദേശ് എം.എൽ.എയായിരുന്ന മുക്താർ അൻസാരിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബി.എസ്.പി നേതാവ് മായാവതി. മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തുവരണം. സത്യം ജനം അറിയണമെന്നും മായാവതി പറഞ്ഞു. മരണത്തിൽ ദുരൂഹതയാരോപിച്ച് അൻസാരിയുടെ കുടുംബം രംഗത്തുവന്ന സാഹചര്യത്തിൽ അതെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണ്.-മായാവതി എക്സിൽ കുറിച്ചു.

അതിനിടെ അൻസാരിയുടെ മരണത്തിൽ ഭീം ആർമി സ്ഥാപക നേതാവും ആസാദ് സമാജ് പാർട്ടി പ്രസിഡന്റുമായ ചന്ദ്രശേഖർ ആസാദ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.

63കാരനായ അൻസാരിക്ക് വിഷം കുത്തിവെച്ച് നൽകിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ചൊവ്വാഴ്ച വയറുവേദനയെത്തുടർന്ന് മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇതേ ആരോപണവുമായി സഹോദരനും ഗാസിപൂർ എം.പിയുമായ അഫ്സൽ അൻസാരിയും രംഗത്തെത്തിയിരുന്നു. ജയിൽ ഭക്ഷണത്തിൽ കുറഞ്ഞ അളവിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ ജയിൽ അധികൃതർ തള്ളി. അൻസാരിയുടെ പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച ബന്ദയിൽ നടക്കുമെന്നും അത് വിഡിയോയിൽ പകർത്തുമെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ ആന്തരികാവയവങ്ങൾ സൂക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.

തനിക്ക് ഭക്ഷണത്തോടൊപ്പം വിഷ പദാർഥം നൽകിയെന്നും മാർച്ച് 19ന് ഭക്ഷണം കഴിച്ച ശേഷം ഞരമ്പുകളും കൈകാലുകളും വേദനിക്കാൻ തുടങ്ങിയെന്നും അൻസാരി മാർച്ച് 20ന് വിഡിയോ കോൺഫറൻസിലൂടെ വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിക്ക് രേഖാമൂലം പരാതിയും നൽകിയിരുന്നു. അൻസാരിയുടെ പരാതി അധികൃതർ ഗൗരവത്തിലെടുത്തില്ലെന്ന കുറ്റപ്പെടുത്തലുമായി എ.​ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാജ്‍വാദി പാർട്ടിയുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

ബന്ദയിലെ ജയിലിൽ കഴിഞ്ഞിരുന്ന അൻസാരിയെ ഛർദിയെത്തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് ബന്ദ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണത്തെത്തുടർന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപൂർ, വാരാണസി എന്നിവിടങ്ങളിൽ വൻ സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്.

മൗ സദാർ സീറ്റിൽനിന്ന് അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്ക​പ്പെട്ട അൻസാരി രണ്ടുതവണ ബി.എസ്.പി ടിക്കറ്റിലാണ് ജയിച്ചുകയറിയത്. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട അൻസാരി 2005ലാണ് ആദ്യം ​അറസ്റ്റ് ചെയ്യപ്പെടുന്നത്. 1996ൽ ബി.എസ്.പി ടിക്കറ്റിലാണ് മുഖ്താർ ആദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002ലും 2007ലും സ്വതന്ത്ര സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 2007ൽ ബി.എസ്.പിയിൽ തിരിച്ചെത്തി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.

Tags