മുകേഷ് അംബാനിയുടെ മകന്റെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളി : രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുകേഷ് അംബാനിയുടെ മകന്റെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന പരാമർശവുമായി രാഹുൽ കോൺഗ്രസ് നേതാവ് ഗാന്ധി. ആയിരക്കണക്കിന് കോടി രൂപയാണ് മുകേഷ് അംബാനി മകന്റെ വിവാഹത്തിന് ചെലവഴിച്ചത്. ശതകോടീശ്വരൻമാർക്ക് വേണ്ടി ഭരണഘടനയെ ആക്രമിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഹരിയാനയിലെ സോനിപത്തിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി കോടികൾ മുടക്കിയത് നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും. ഇത് ആരുടെ പണമാണ്. ഇത് നിങ്ങളുടെ പണമാണ്.
നിങ്ങളുടെ കുട്ടികളുടെ വിവാഹം നടത്തണമെങ്കിൽ അതിനുള്ള പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടാകില്ല. കുട്ടികളുടെ വിവാഹത്തിനായി നിങ്ങൾക്ക് വായ്പയെടുക്കേണ്ടി വരും. രാജ്യത്തെ 25 പേർക്ക് കോടികൾ മുടക്കി മക്കളുടെ വിവാഹം നടത്താനുള്ള അവസരം നരേന്ദ്ര മോദിയൊരുക്കി. എന്നാൽ, കർഷകന് മക്കളുടെ വിവാഹം നടത്താൻ കടം വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്.