മുഡ ഭൂമി ഇടപാട് ; വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ
മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച് നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബി എന്‍ പാര്‍വതി ഈ വിവരം അറിയിച്ചത്. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആധാരങ്ങളും റദ്ദാക്കണമെന്ന് പാര്‍വതി മുഡ അധികൃതര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ അന്തസ്സിലും വലുതല്ല ഒരു ഭൂമിയുമെന്നും ഭൂമി മുഡ അധികൃതര്‍ക്ക് തിരിച്ചെടുക്കാവുന്നതാണെന്നും ഈ കത്ത് മൂലം അതിന് സമ്മതം നല്‍കുന്നുവെന്നും പാര്‍വതി വ്യക്തമാക്കി.
ഭാര്യയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നും അതിനെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യയും പ്രതികരിച്ചു. ഇന്നലെ സിദ്ധരാമയ്യക്ക് എതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഡ ഭൂമിയിടപാട് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം ചുമത്തിയാണ് സിദ്ധരാമയ്യ അടക്കം നാല് പേര്‍ക്കെതിരെ ഇഡി പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.