മങ്കിപോക്സ് വ്യാപനം തടയാൻ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം
monkeypox1

ന്യൂഡല്‍ഹി : വാനരവസൂരി വ്യാപനം തടയാന്‍ ആരോഗ്യമന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗിയുമായി അടുത്തിടപഴകല്‍, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പര്‍ക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യത ഏറെയാണെന്നും അവ ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലം അറിയിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍

ലക്ഷണങ്ങളുള്ളവര്‍ അടിയന്തരചികിത്സ തേടുക.

രോഗം സ്ഥിരീകരിച്ചാല്‍ സ്വയം നിരീക്ഷണത്തിലിരിക്കുക

മുറിയും പരിസരങ്ങളും അണുവിമുക്തമാക്കുക.

രോഗി ഉപയോഗിച്ച കിടക്കകള്‍, വസ്ത്രങ്ങള്‍ എന്നിവ പ്രത്യേകം കഴുകുക.

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും രോഗിയും മൂന്നുപാളികളുള്ള മുഖാവരണം ധരിക്കുക.
വാക്‌സിന്‍ വികസിപ്പിക്കാനുള്ള ചര്‍ച്ച സജീവം

അതേസമയം വാനരവസൂരിക്ക് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ചര്‍ച്ച സജീവമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പുനെവാല ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി.

വാക്‌സിന്‍ വികസിപ്പിച്ചാല്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിരപോരാളികള്‍ക്കും ഗുരുതര രോഗബാധിതര്‍ക്കുമാകും നല്‍കുകയെന്ന് ഐ.സി.എം.ആര്‍. ദേശീയ സഹാധ്യക്ഷന്‍ രാമന്‍ ഗംഗാഘേദ്കര്‍ അറിയിച്ചു.
 

Share this story