വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടു : ലിവിംഗ് പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ചു

Living partner

ഡല്‍ഹി: യുവതിയെ കൊന്ന് മൃതദേഹം നഗരത്തിന്‍റെ പലയിടങ്ങളിലായി ഉപേക്ഷിച്ചയാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തിയ അഫ്താബ് അഹമ്മദ് പുനേവാല എന്നയാളാണ് പിടിയിലായത്. മൃതദേഹം 35 കഷണങ്ങളായി വെട്ടിനുറുക്കിയ പ്രതി, പതിനെട്ട് ദിവസംകൊണ്ട് നഗരത്തിലെ 18 ഇടങ്ങളിലായാണ് ശരീരഭാഗങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ശ്രദ്ധ യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും ഡേറ്റിങ് ചെയ്യുകയും തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവര്‍ ഡല്‍ഹിയിലെ ഒരു ഫ്‌ളാറ്റിലേക്ക് താമസംമാറി. ഇവിടെ ഒരുമിച്ച് കഴിയുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. വിവാഹം കഴിക്കണമെന്ന് ശ്രദ്ധ ആവശ്യപ്പെട്ടതിനേത്തുടർന്നാണ് വഴക്കുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.

അടുത്തിടെ മകളേക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ഫോണില്‍ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ ശ്രദ്ധയുടെ പിതാവ് നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ മകളെ കാണാന്‍ ഇവരുടെ ഫ്‌ളാറ്റില്‍ എത്തി. എന്നാല്‍ ഫ്ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ചയോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Share this story