'മണിപ്പൂര്‍ കത്തുകയാണ്, യുക്രെയിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നടന്ന മോദിക്ക് മണിപ്പൂര്‍ പരിഹരിക്കാനായില്ല' ; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

cm-pinarayi
cm-pinarayi

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുക്രെയിന്‍ പ്രശ്‌നം പരിഹരിക്കാന്‍ നടന്ന മോദിക്ക് മണിപ്പൂര്‍ പരിഹരിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂര്‍ കത്തുകയാണ്.

ആക്രമണങ്ങള്‍ക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ പരസ്യമായി നേതൃത്വം നല്‍കുന്നു. മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണ് . പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ സംരക്ഷണത്തിന് പകരം ദ്രോഹിക്കുന്ന നിലപാട് ആണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ എത്തി വീണ്ടും സഹായം ചോദിച്ചു.

ഒന്നും സര്‍ക്കാര്‍ ചെയ്തില്ല. ദുരന്ത നിവാരണ നിധിയില്‍ നിന്നും പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താല്‍ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കില്‍ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാന്‍ വ്യവസ്ഥ ഇല്ല.

കേന്ദ്രം കോടതിയില്‍ നല്‍കിയത് ആളുകളെ പറ്റിക്കുന്ന നിലപാട്. ഇത് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കും. നേരിട്ട് അറിയിക്കും, ഇതിനായി ഡല്‍ഹിയില്‍ പോകും.

മറ്റു സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags