ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാന്‍ ഓഫ് ദ മാച്ച് രാഹുല്‍ ഗാന്ധി ; ശശി തരൂര്‍

google news
tharoor

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മാന്‍ ഓഫ് ദ മാച്ച് രാഹുല്‍ ഗാന്ധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അദ്ദേഹം ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ അഹങ്കാരത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും തരൂര്‍ പറഞ്ഞു.
'രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാല്‍ രാഹുല്‍ ലോക്‌സഭയില്‍ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ട്', ശശി തരൂര്‍ പറഞ്ഞു.
സര്‍ക്കാരിനെ നേരിടാന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ശക്തമായ ഒരു സംഖ്യയുണ്ടെന്നാണ് കരുതുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. അതിന് പ്രതിപക്ഷ നേതാവ് പാര്‍ട്ടിയില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവായിരിക്കണം രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലം മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ ഒരു നോട്ടീസ് ബോര്‍ഡ് പോലെയാണ് പരിഗണിച്ചിരുന്നതെന്നും തരൂര്‍ വിമര്‍ശിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന് 230ല്‍ അധികം എം.പിമാരെ ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി ഇത്തരം സമീപനം നടപ്പാവുകയില്ലെന്നും തരൂര്‍ പറഞ്ഞു.

Tags