മുത്തശ്ശിയെ ത്രിശൂലം കൊണ്ടു കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നരബലിയെന്ന് സംശയം

murder
murder

മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നരബലിയെന്ന് സംശയത്തില്‍ പൊലീസ്. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മുത്തശ്ശിയുടെ രക്തം യുവാവ് ശിവലിംഗത്തില്‍ അര്‍പ്പിച്ചതായി കണ്ടെത്തി. ഇതാണ് പൊലീസിനെ നരബലിയെന്ന സംശയത്തിലേക്ക് എത്തിച്ചത്.

രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ഷന്‍ ഗോസ്വാമിയെ (30) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നങ്കട്ടി ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഗുല്‍ഷന്‍ തന്റെ മുത്തശ്ശിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു താമസം. ഇവര്‍ ക്ഷേത്രത്തില്‍ ദിവസേന പൂജകള്‍ നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുത്തശ്ശിയെ ത്രിശൂലം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ രക്തം അര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Tags