മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ചവാന് പിന്നാലെ നിരവധി എംഎല്‍എമാര്‍ രാജിവച്ചേക്കും

mla

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ നിരവധി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചവാന് തൊട്ടുപിന്നാലെ മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗമായിരുന്ന അമര്‍നാഥ് രാജൂര്‍ക്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. അതിന് പിന്നാലെയാണ് 18 ഓളം എംഎല്‍എമാര്‍ രാജിവക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നന്ദേഡില്‍ നിന്നുള്ള ജിതേഷ് അന്തപുര്‍കര്‍, മോഹന്‍ ഹംബാര്‍ഡെ, മാധവ്‌റാവു പവാര്‍, ലാത്തൂരില്‍ നിന്നുള്ള അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ്, വിജയ് വഡേത്തിവാര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായി കേള്‍ക്കുന്നത്. ഒപ്പം ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖും അസ്ലം ഷെയ്ഖും എന്‍സിപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ വഡേത്തിവാര്‍, ഷെയ്ഖ്, അമിന്‍ പട്ടേല്‍ എന്നിവര്‍ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

ചവാന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചിരുന്നു. ബാലാസാഹേബ് തോറാട്ട്, പൃഥ്വിരാജ് ചവാന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാ നിയമസഭാംഗങ്ങളുമായും സംസാരിക്കുകയും, തങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് എല്ലാവരും ഉറപ്പ് നല്‍കിയതായി അവകാശപ്പെടുകയും ചെയ്തു. 'അവരില്‍ ഒരാള്‍ പോലും എവിടെയും പോകില്ല. ബിജെപി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതാണ്,' മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

Tags