മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം

shinde
shinde

നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആയിരിക്കും യോഗത്തില്‍ ഉണ്ടാവുക.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎല്‍എമാരുടെ നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും.

നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ആയിരിക്കും യോഗത്തില്‍ ഉണ്ടാവുക. ബിജെപിയുടെയും ഷിന്‍ഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എന്‍സിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടര്‍ച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നല്‍കാന്‍ ഇടയില്ല.

രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കള്‍ ഇന്ന് മുംബൈയില്‍ സംസ്ഥാനത്തെ നേതാക്കളുമായി മന്ത്രിസഭാ രൂപീകരണ ചര്‍ച്ച നടത്തും. അതില്‍ ഉണ്ടാകുന്ന തീരുമാനത്തിന് തുടര്‍ച്ചയായിട്ടാകും ഘടകകക്ഷികളുമായുള്ള ആശയവിനിമയവും സംയുക്ത നിയമസഭാ കക്ഷി യോഗവും. ഉപമുഖ്യമന്ത്രിപദം 2 പ്രധാന ഘടകകക്ഷികള്‍ക്ക് നല്‍കുന്നതില്‍ ബിജെപി എതിര് നില്‍ക്കാനിടയില്ല. ഏകനാഥ് ഷിന്‍ഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നല്‍കണമെന്ന നിലപാടാണ് ശിവസേന ഷിന്‍ഡെ വിഭാഗത്തിനുള്ളത്.

Tags