മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

daF

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 3 ഓട്ടോമാറ്റിക് ആയുധങ്ങള്‍, ഒരു എകെ 47, ഒരു കാര്‍ബൈന്‍, ഒരു ഇന്‍സാസ് എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍, മാവോയിസ്റ്റ് സാഹിത്യങ്ങളും വസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ പെരിമിലി ദളത്തിലെ ചില അംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്നതായി ഗഡ്ചിരോളി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗഡ്ചിറോളി പോലീസിന്റെ പ്രത്യേക എന്‍കൗണ്ടര്‍ വിഭാഗമായ ആന്റി മാവോയിസ്റ്റ് സി -60 സ്‌ക്വാഡിന്റെ രണ്ട് യൂണിറ്റുകളെ ഉടന്‍ തന്നെ പ്രദേശത്ത് തിരച്ചിലിനായി അയച്ചു.

സംഘം തിരച്ചില്‍ നടത്തുന്നതിനിടെ, മാവോയിസ്റ്റുകള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതിന് സി -60 ജവാന്‍മാര്‍ ശക്തമായി തിരിച്ചടിച്ചു.

വെടിവെയ്പ്പിനു ശേഷം പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ഒരു പുരുഷന്റെയും രണ്ട് സ്ത്രീ മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു.

അംഗങ്ങളായ വാസു സമര്‍ കോര്‍ച്ച, രേഷ്മ മഡ്കം (25), കമല മാധവി (24) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കൊലപാതകം, ഏറ്റുമുട്ടല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് മൂവരും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇവരുടെ തലക്ക് 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
 

Tags