മഹാരാഷ്ട്രയിൽ ചൂട് എണ്ണനിറച്ചുവച്ചിരുന്ന പാനിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
ഭോപ്പാൽ : ചൂട് എണ്ണനിറച്ചുവച്ചിരുന്ന പാനിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഭോപാലിലെ നിഷാത്പുര പ്രദേശത്തെ സാൻസ്കർ ഗാർഡനിലെ കല്യാണ വിട്ടിലായിരുന്നു ദാരുണ സംഭവമുണ്ടായത്. 50 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡോക്ടർമാരുടെ പരിശ്രമം വിഫലമായി. ചൊവ്വാഴ്ച കുട്ടി മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
സാൻസ്കർ ഗാർഡനിലെ ഒരു വീട്ടിലെ കല്യാണ പരിപാടിയിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം പോയതാണ് കുട്ടി. കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ നിലത്ത് വെച്ചിരുന്ന ചൂടുള്ള ഓയിൽ പാനിലിനടുത്ത് പോവുകയും അതിലേക്ക് വീഴുകയുമായിരുന്നു. കുട്ടി പാനിന്റെ അടുത്തേക്ക് പോകുന്നത് കണ്ട പിതാവ് കുട്ടിയെ മാറ്റാൻ ഓടിയെത്തിയെങ്കിലും, അതിനകം പാനിലേക്ക് കുട്ടി വീണിരുന്നു. പെട്ടെന്ന് തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നിഷാത്പുര പൊലീസ് കേസ് എടുത്തു. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ രക്ഷിതാക്കൾ വിസമ്മതിച്ചു. അപ്രതീക്ഷിതമായി സംഭവിച്ച മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും കേസിന് പോകാൻ താൽപര്യമില്ലെന്നും കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.