രാജിവെച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നാനാ പട്ടോലെയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ തോല്‍വിക്ക് പിന്നാലെ രാജിവെച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നാനാ പട്ടോലെയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ജനങ്ങളുടെ വികാരമല്ലെന്നും അദ്ദേഹം പറഞ്ഞു. 'മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുള്‍പ്പെടെ പ്രമുഖ ദേശീയ നേതാക്കള്‍ മുന്നില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയെ നയിച്ചത്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഗതി മഹാവികാസ് അഘാഡിക്ക് ഒപ്പമായിരുന്നു. അത് തന്നെയാണ് ജനങ്ങളും വിശ്വസിച്ചത്.
നന്ദേഡിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ലോക്സഭ ഉപതിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും ഒരേ ദിവസമാണ് നടന്നത്. ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ആറ് സീറ്റിലേക്ക് വിജയിച്ചപ്പോള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ഒരു സീറ്റ് പോലും നേടാനായില്ല,' അദ്ദേഹം പറഞ്ഞു. ഫലങ്ങള്‍ തമ്മില്‍ ഇത്ര വലിയ അന്തരമുണ്ടാകില്ല. ജനങ്ങളും മഹാവികാസ് അഘാഡിയിലാണ് വിശ്വാസം അര്‍പ്പിച്ചത്. അവരുടെ ആഗ്രഹത്തിനനുസരിച്ച് അധികാരത്തില്‍ വന്നതല്ല ഇപ്പോഴുള്ള സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.