മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ; നേതൃത്വത്തിനെതിരെ അതൃപ്തിയില്‍ രാഹുല്‍ഗാന്ധി

rahul gandhi 1
rahul gandhi 1

കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള വിദര്‍ഭ, മുംബൈ മേഖലയിലെ വിട്ടുവീഴ്ചകളാണ് രാഹുലിനെ ചൊടിപ്പിച്ചത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. സിഇസി യോഗത്തില്‍ രാഹുല്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പരസ്യമാക്കി.

സംസ്ഥാന ഘടകത്തിന്റെ മെല്ലെപ്പോക്കും, നിരവധി കാര്യങ്ങളിലെ അലംഭാവവുമാണ് രാഹുലിന്റെ അതൃപ്തിക്ക് കാരണം. കോണ്‍ഗ്രസിന് അര്‍ഹിച്ച സീറ്റുകള്‍ ലഭ്യമാക്കുന്നതില്‍ സംസ്ഥാന ഘടകത്തിന് വീഴ്ച പറ്റിയെന്നും, പാര്‍ട്ടിക്ക് വിജയിക്കാവുന്ന സീറ്റുകള്‍ പലതും ലഭിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള വിദര്‍ഭ, മുംബൈ മേഖലയിലെ വിട്ടുവീഴ്ചകളാണ് രാഹുലിനെ ചൊടിപ്പിച്ചത്. ഇത് കൂടാതെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന കാര്യവും രാഹുല്‍ ഉന്നയിച്ചു. ഇതിലും രാഹുലിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സ്ഥാനാര്‍ഥികളില്‍ രാഹുലിനുള്ള അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് മഹാ വികാസ് അഘാഡി സഖ്യം സീറ്റ് ധാരണയിലെത്തിയത്. കോണ്‍ഗ്രസും, ശരദ് പവാര്‍ പക്ഷ എന്‍സിപിയും, ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും 85 സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകള്‍ മറ്റ് സഖ്യകക്ഷികള്‍ക്കായി വിട്ടുനല്‍കാനാണ് തീരുമാനം.ഇവയില്‍ത്തന്നെ പതിനഞ്ചോളം സീറ്റുകളില്‍ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ട്.

Tags