'ഇന്നലെ വരെ ലൗകികസുഖങ്ങളിൽ മുഴുകിയവർക്ക് ഒറ്റ ദിവസംകൊണ്ട് മഹാമണ്ഡലേശ്വർ പദവി വരെ ലഭിക്കുന്നു' ; നടി മമ്ത കുൽക്കർണിക്കെതിരെ ബാബാ രാംദേവ്

'Those who till yesterday were engrossed in worldly pleasures attain the status of Mahamandaleshwar in a single day'; Baba Ramdev against actress Mamta Kulkarni
'Those who till yesterday were engrossed in worldly pleasures attain the status of Mahamandaleshwar in a single day'; Baba Ramdev against actress Mamta Kulkarni

മുംബൈ: ബോളിവുഡ് നടി മമ്ത കുൽക്കർണി സന്യാസം സ്വീകരിച്ചതിൽ വിമർശനവുമായി യോഗ പരിശീലകനും പതഞ്ജലി സഹസ്ഥാപകനുമായ ബാബാ രാംദേവ്. ഇന്നലെ വരെ ലൗകികസുഖങ്ങളിൽ മുഴുകിയവരെ ഒറ്റ ദിവസംകൊണ്ട് സന്യാസിമാരാക്കുകയാണെന്നാണ് രാംദേവിന്‍റെ വിമർശനം. കഴിഞ്ഞ ദിവസം പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയും സമാന വിമർശനവുമായി രംഗത്തെത്തിയിരുന്നു.

'ചിലയാളുകൾ, ഇന്നലെ വരെ ലൗകിക സുഖങ്ങളിൽ മുഴുകിയവർ, പെട്ടെന്ന് സന്യാസിമാരായി പരിവർത്തനം ചെയ്യപ്പെടുകയാണ്. ഒറ്റ ദിവസം കൊണ്ട് അവർക്ക് മഹാമണ്ഡലേശ്വർ പദവി വരെ ലഭിക്കുന്നു. പേരിന് മുന്നിൽ വെറുതെ 'ബാബ' എന്ന് ചേർക്കുന്നതോ അല്ലെങ്കിൽ കുംഭമേളയിൽ പങ്കെടുത്ത് റീൽസിട്ട് പ്രചാരണമുണ്ടാക്കുന്നതോ അംഗീകരിക്കാനാവില്ല. മാനുഷികതയെ ദൈവികതയിലേക്കും ആത്മീയതയിലേക്കും ഉയർത്തുകയെന്നതാണ് കുംഭമേളയുടെ അന്തസത്ത' -ബാബ രാംദേവ് പറഞ്ഞു.

യോഗ പരിശീലനത്തിനൊപ്പം വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന പതഞ്ജലി ബ്രാൻഡിന്‍റെ അമരക്കാരൻ കൂടിയാണ് രാംദേവ്. എന്നാൽ, പലപ്പോഴായി വിവാദങ്ങളുടെ കേന്ദ്രം കൂടിയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നാലു ടണ്‍ ചുവന്ന മുളകുപൊടി പതഞ്ജലി ഫുഡ്‌സിന് അടുത്തിടെ മാര്‍ക്കറ്റില്‍നിന്ന് തിരികെവിളിക്കേണ്ടിവന്നിരുന്നു. ഉല്‍പ്പന്നത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനികളുടെ അവശിഷ്ടത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നേരത്തെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലിക്ക് പരസ്യമായി മാപ്പുപറയേണ്ടിയും വന്നിരുന്നു.

അതിനിടെ, മമ്ത കുൽക്കർണിക്കെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം ബാഗേശ്വർ ധാമിലെ പീതാധീശ്വർ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയും രംഗത്തെത്തി. യഥാർത്ഥ സന്യാസി ചൈതന്യമുള്ളവർക്ക് മാത്രമേ മഹാമണ്ഡലേശ്വർ പദവി നൽകാവൂവെന്നാണ് ശാസ്ത്രിയുടെ വിമർശനം. ബാഹ്യ സ്വാധീനത്തിൽ ഒരാളെ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വരനോ ആക്കും? തനിക്കിതുവരെ മഹാമണ്ഡലേശ്വരനാകാൻ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

ജനുവരി 24നാണ് കുംഭമേളയുടെ ഭാഗമായി കിന്നാർ അഖാഡയിലെത്തിയ കുൽക്കർണി ആചാര്യ മഹാമണ്ഡലേശ്വർ ഡോ. ലക്ഷ്മി നാരായൺ ത്രിപാഠിയെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. തുടർന്ന് മഹാമണ്ഡലേശ്വർ ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ കുൽക്കർണി സന്യാസ ജീവിതത്തിന് തുടക്കമിടുകയായിരുന്നു. മമ്ത കുൽക്കർണി എന്ന പേരിനുപകരം ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേരാണ് ഇവർ സ്വീകരിച്ചത്.

90കളിൽ ബോളിവുഡിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടിയാണ് മമ്ത കുൽക്കർണി. ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നിവർ ഉൾപ്പെടെ മുൻനിര നായകന്മാരുടെ നായികയായിരുന്നു ഇവർ. 1992ൽ ‘തിരംഗ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. കരൺ അർജു​നിൽ ഷാറൂഖിനും സൽമാനും ക​ജോളിനുമൊപ്പം വേഷമിട്ടു. വഖ്ത് ഹമാരാ ഹേ, ക്രാന്തിവീർ, സബ്സേ ബഡാ ഖിലാഡി, ആന്ദോളൻ, ബാസി, ചൈനാ ഗേറ്റ് തുടങ്ങിയ വിജയ ചിത്രങ്ങളിലെ നായികയായി. 2001ൽ പുറത്തിറങ്ങിയ ചുപാ റുസ്തം ആയിരുന്നു അവരുടെ അവസാന ഹിറ്റ് ചിത്രം. കഭീ തും കഭീ ഹം എന്ന ചിത്രത്തിനു​ശേഷം അവർ സിനിമാ ലോകത്തുനിന്ന് അപ്രത്യക്ഷയായി.

Tags