തമിഴ്നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ; ക്ഷേത്ര ഫണ്ട് വകമാറ്റുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി‍

google news
madrashighcourt

ചെന്നൈ : ക്ഷേത്ര വരുമാനം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വിനിയോഗിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി . പഴനി, നെല്ലൈ, ചെന്നൈ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് 45 കോടിയെടുത്ത് വൃദ്ധസദനങ്ങള്‍ നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്ത ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച്‌ആര്‍ ആന്‍ഡ് സിഇ) വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വൃദ്ധസദനങ്ങള്‍ സ്ഥാപിക്കാന്‍ ക്ഷേത്ര ഫണ്ട് വിനിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രാരാധക സമിതിയിലെ ടി.ആര്‍. രമേശ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിമര്‍ശനമുയര്‍ത്തിയത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ അഭാവത്തില്‍ ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും പരിപാലിക്കുക എന്നതിലുപരി ഫണ്ട് ചെലവഴിക്കാന്‍ എച്ച്‌ആര്‍ ആന്‍ഡ് സിഇക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ബെഞ്ച് പറഞ്ഞു. ഭക്തന്‍ കാണിക്കയര്‍പ്പിക്കുന്നത് അത് ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരം പണം വകമാറ്റാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. വൃദ്ധജനങ്ങള്‍ക്ക് വീടുകള്‍ വയ്ക്കുന്നതിന് വിവിധ എച്ച്‌ആര്‍, സിഇ ക്ഷേത്രങ്ങളുടെ 45 കോടി രൂപയുടെ ഫണ്ട് ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ജനുവരി 12നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് തമിഴ്‌നാട് എച്ച്‌ആര്‍ ആന്‍ഡ് സിഇ നിയമത്തിന് വിരുദ്ധമാണ്.

ചെന്നൈ, പഴനി, തിരുനല്‍വേലി എന്നിവിടങ്ങളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വൃദ്ധസദനങ്ങള്‍ ആരംഭിക്കുമെന്ന് എച്ച്‌ആര്‍ ആന്‍ഡ് സിഇ മന്ത്രി പി.കെ. ശേഖര്‍ ബാബു കഴിഞ്ഞ സപ്തംബര്‍ നാലിന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പഴനിയില്‍നിന്ന് 15.2 കോടിയും തിരുനെല്‍വേലിയിലെ നെല്ലൈപ്പര്‍ ക്ഷേത്രത്തില്‍ നിന്ന് 13.5 കോടിയും ചെന്നൈയിലെ ദേവി ബാലിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് 16.3 കോടിയും ഇതിനായി വകയിരുത്തുമെന്നുമായിരുന്നു പ്രഖ്യാപനം. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള എച്ച്‌ആര്‍ ആന്‍ഡ് സിഇയുടെ അധികാരത്തെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. കേസ് ജൂണ്‍ 13ലേക്ക് മാറ്റി.

Tags