മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാനൊരുങ്ങി ഹരിയാന

google news
madrasa

ചണ്ഡീഗഡ് : ഉത്തര്‍പ്രദേശിന് പിന്നാലെ, മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാനൊരുങ്ങി ഹരിയാന.എല്ലായിടത്തും ദേശീയഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ പറഞ്ഞു.

മദ്രസയായാലും സ്കൂളായാലും ഒരു കുഴപ്പവുമില്ലെന്നും അതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. യു.പി സര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നാലെ, ഹരിയാനയിലും ഇത് നടപ്പിലാക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് യു.പി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മേയ് ഒന്‍പതിന് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രാര്‍ ജില്ല ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍മാര്‍ക്ക് കൈമാറി.

1947ലെ രാജ്യ വിഭജനത്തിന്‍റെ കാരണങ്ങളിലൊന്നായി കോണ്‍ഗ്രസിന്‍റെ 'അനുമോദന നയം' സംസ്ഥാനത്തെ ഒന്‍പതാം ക്ലാസുകളിലെ ചരിത്ര പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വിഷയം പുസ്തകത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു.

Tags