പീഡനക്കേസുകളിലെ ‘രണ്ടു വിരൽ’ പരിശോധന അവസാനിപ്പിക്കണം: മദ്രാസ് ഹൈക്കോടതി
court

ചെന്നൈ : ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെൺകുട്ടികളെ ‘രണ്ടു വിരൽ’ പരിശോധനയ്ക്കു വിധേയമാക്കാൻ പാടില്ലെന്നും ഇതിൽ നിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നും മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടു.

ഈ ‘ദുരാചാരം’ എന്നെന്നേക്കുമായി അവസാനിപ്പിക്കണം. അതിജീവിതകളുടെ സ്വകാര്യത, അന്തസ്സ് എന്നീ അവകാശങ്ങളെ ലംഘിക്കുന്ന പരിശോധന ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീം കോടതിയും പല ഹൈക്കോടതികളും പറഞ്ഞിട്ടും ഇപ്പോഴും തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ടവയിൽ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു പരിശോധന ചർച്ചാവിഷയമായത്.

Share this story