ധർമപുരിയിൽ സേത്തിയക്ക് സ്റ്റാൻ സ്വാമിക്കുള്ള സ്മാരകം സ്ഥാപിക്കാൻ അനുമതി നൽകി മദ്രാസ് ഹൈകോടതി

madras highcourt
madras highcourt

ചെന്നെ: ഒമ്പത് മാസത്തെ തടവിനിടെ ജയിലിൽ കിടന്ന് മരിച്ച ആദിവാസി അവകാശ സംരക്ഷകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സ്മാരകം സ്ഥാപിക്കാനുള്ള നിയമപ്പോരാട്ടതിനൊടുവിൽ വിജയിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകൻ. തമിഴ്‌നാട്ടിലെ ധർമപുരിയിൽ സ്‌തംഭം സ്ഥാപിക്കാൻ മദ്രാസ് ഹൈകോടതി അനുമതി നൽകി. ഫാ. സ്വാമിക്ക് നക്സലുകളുമായും മാവോയിസ്റ്റുകളുമായും ബന്ധമുണ്ടെന്ന ജില്ലാ അധികാരികളുടെ വാദത്തെ തള്ളിക്കൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്.

ഹരജിക്കാരനായ പിയൂഷ് സേത്തിയക്ക് ത​ന്‍റെ സ്വകാര്യ ഭൂമിയിൽ ശിലാ സ്മാരകം നിർമിക്കാമെന്നും അത് പൊതുജനങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും കോടതി പറഞ്ഞു. നല്ലംപള്ളി താലൂക്കിലെ ഒരു വില്ലേജിൽ കൃഷി-നീർത്തട വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സേത്തിയക്ക് 2021 ജൂലൈയിൽ പ്രാദേശിക തഹസിൽദാർ ഫാദർ സ്റ്റാൻ സ്വാമിയുടെ ചിത്രം ഉൾക്കൊള്ളുന്ന കൽത്തൂൺ സ്ഥാപിക്കാൻ അനുമതി നിഷേധിച്ചിരുന്നു.

തഹസിൽദാറുടെ നോട്ടീസിനെതിരെ സേത്തിയ ഹൈകോടതിയെ സമീപിച്ചു. നോട്ടീസ് നിയമവിരുദ്ധമാണെന്ന് സേത്തിയയുടെ അഭിഭാഷകൻ വാദിച്ചു. സ്വകാര്യ ഭൂമിയിൽ ആദരണീയരായ വ്യക്തികളുടെ പ്രതിമകൾ സ്ഥാപിക്കുന്നത് നിയമപരമായി പരിഹരിക്കപ്പെട്ട വിഷയമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Tags