മധ്യപ്രദേശിൽ പത്തുവയസുകാരൻ കുഴൽക്കണറിൽ വീണു
ഭോപ്പാൽ : മധ്യപ്രദേശിൽ പത്തുവയസുകാരൻ കുഴൽക്കിണറിൽ വീണു. സംസ്ഥാനത്തെ ഗുണ ജില്ലയിലാണ് അപകടമുണ്ടായത്. കുട്ടിയെ രക്ഷിക്കുന്നതിനായി വൻ സംവിധാനങ്ങളാണ് ഒരുക്കുന്നത്. നിരവധി സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയിരിക്കുന്നത്.
ഏകദേശം 39 അടി ആഴത്തിലാണ് കുട്ടി കുടങ്ങി കിടക്കുന്നത്. ശനിയാഴ്ച രാത്രി മുതൽ തന്നെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനകളുടെ സംഘങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ലോക്കൽ പൊലീസും അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
കുഴൽക്കിണറിന് സമാന്തരമായി 40 അടിയിൽ മറ്റൊരു കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ഗുണ കലക്ടർ സത്യേന്ദ്ര സിങ് എ.എൻ.ഐയോട് പറഞ്ഞു. കുട്ടിയുടെ സുരക്ഷക്കായി നിരന്തരം ഓക്സിജൻ സപ്പോർട്ട് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കൊത്പുത്‍ലിയിൽ മൂന്ന് വയസുകാരൻ 700 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ് അപകടമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം. രാജസ്ഥാനിൽ 150 അടി ആഴത്തിലാണ് കുട്ടി കുടുങ്ങി കിടന്നത്. ഇപ്പോഴും കുട്ടിയെ കുഴൽകിണറിൽ നിന്നും പുറത്തെടുക്കാനായിട്ടില്ല. രണ്ടാഴ്ച മുമ്പ് രാജസ്ഥാനിലെ ദൗസയിൽ നാല് വയസുകാരൻ കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂർ സമയം പരിശ്രമിച്ചിട്ടും കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.