പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹത്തിന് തടസമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ

google news
couple

ചില മിശ്രവിവാഹ കേസുകളിൽ ‘ലവ് ജിഹാദ്’ പ്രയോഗം ഉപയോഗിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. വ്യത്യസ്ത വിശ്വാസങ്ങളിൽപെടുന്നവർക്ക് നിയമപരമായ പ്രായം എത്തുമ്പോൾ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതിൽ തടസമില്ലെന്നും അതിൽ ലവ് ജിഹാദ് ആരോപണം കൊണ്ടുവരേണ്ടതില്ലെന്നും കമ്മീഷൻ അധ്യക്ഷൻ ഇഖ്ബാൽ സിങ് ലാൽപുര പറഞ്ഞു.

മിശ്രവിവാഹത്തിലേക്ക് വഴിതെറ്റിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളിൽനിന്ന് കമ്മീഷന് മുമ്പ് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ പരാതികളിൽ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ‘ലവ് ജിഹാദിന്’ എതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ലാൽപുരയുടെ മറുപടി ഇങ്ങനെ: ”എന്താണ് ലവ് ജിഹാദ്? ഒരു നിഘണ്ടുവിലും ഈ പദം എനിക്ക് കണ്ടെത്താനായിട്ടില്ല’ ഏതെങ്കിലും പ്രത്യേക സമുദായം ‘ലവ് ജിഹാദ്’ നടത്തുന്നു എന്ന ഒരു പരാതിയും ഞാൻ കണ്ടിട്ടില്ല.

ഞാൻ ബി.ജെ.പി പ്രതിനിധിയോ വക്താവോ അല്ല. ബി.ജെ.പിക്ക് മാത്രമേ നിങ്ങളോട് ലവ് ജിഹാദിനെക്കുറിച്ച് പറയാൻ കഴിയൂ-ലാൽപുര കൂട്ടിച്ചേർത്തു. തനിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags