ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കൂടുതല്‍ പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത് ബിജെപി

bjp

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത് ബിജെപിയെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസ് വൃത്തങ്ങള്‍. 2,084 രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി, മാര്‍ച്ച് 13 മുതല്‍ മെയ് 8 വരെ 517 അപേക്ഷകള്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായാണ് വിവരങ്ങള്‍.

349 രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 118 അപേക്ഷകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ചതായും കാണക്കുകള്‍ പറയുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അയച്ച 638 അപേക്ഷകളില്‍ 2,423 പരസ്യങ്ങള്‍ക്കാണ് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് അംഗീകാരം നല്‍കിയത്. ബിജെപിയുടെ 16 പരസ്യങ്ങള്‍ക്കായുള്ള മൂന്ന് അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം.

ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരസ്യം നല്‍കുന്നതിന് പാര്‍ട്ടികള്‍ ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസില്‍ നിന്ന് അനുമതി തേടേണ്ടതുണ്ട്. സിഇഒ ഓഫീസില്‍ നിന്ന് അനുമതിയില്ലാതെ പാര്‍ട്ടികള്‍ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യാനുള്ള ചുമതല ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. മെയ് 13 വരെ സിഇഒ ഓഫീസില്‍ നിന്ന് അനുമതിയില്ലാതെ 8.84 ലക്ഷത്തിലധികം പോസ്റ്ററുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, സൈനേജുകള്‍, കൊടികള്‍, മറ്റ് രാഷ്ട്രീയ പരസ്യങ്ങള്‍ എന്നിവ നീക്കം ചെയ്തു.

Tags