മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി

google news
kejriwal


ന്യൂദല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസില്‍ ഇ.ഡി കസ്റ്റഡിയിലുള്ള ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ ഏപ്രില്‍ 15 വരെ കസ്റ്റഡിയില്‍ വിട്ടത്.

മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്യുന്നത്. നിലവില്‍ ഇ.ഡി കസ്റ്റഡിയില്‍ നിന്നാണ് അദ്ദേഹം ദല്‍ഹിയിലെ ഭരണം നിയന്ത്രിക്കുന്നത്.

അരവിന്ദ് കെജ്‌രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഹായംതേടിയിരിക്കുകയാണ് നിലവില്‍ ഇ.ഡി അധികൃതര്‍.

പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കെജ്‌രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ ഇ.ഡിക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് ആപ്പിളില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ ഇ.ഡി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒരു വര്‍ഷം മുമ്പു മുതല്‍ ഉപയോഗിച്ചു തുടങ്ങിയ ഫോണാണ് തന്റെ പക്കലുള്ളതെന്നും 2020 – 21 കാലത്ത് മദ്യനയം രൂപവത്കരിച്ച സമയത്തെ വിവരങ്ങള്‍ ഫോണില്‍ ഇല്ലെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം മദ്യനയക്കേസില്‍ മന്ത്രി കൈലാഷ് ഗഹ്ലോതിനെ ഇ.ഡി. അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രാഷ്ട്രീയ ഗൂഢാലോചന എന്നാണ് കെജ്രിവാള്‍ തന്റെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. മുന്‍ ഡെപ്യൂട്ടി മനീഷ് സിസോദിയയ്ക്കും രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിനും ശേഷം മദ്യനയ കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ എ.എ.പി നേതാവാണ് അദ്ദേഹം.

ഇന്നലെ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്‌രിവാള്‍ വായിച്ചിരുന്നു. ‘ഞാന്‍ ജയിലിലിരുന്ന് വോട്ട് അഭ്യര്‍ഥിക്കുകയല്ല. പുതിയ ഒരു ഭാരതം കെട്ടിപ്പടുക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ നമ്മള്‍ ഏറെ പിറകിലാണ്. ഇപ്പോള്‍ ജയിലിലായതിനാല്‍ എനിക്ക് ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്. രാജ്യത്തെക്കുറിച്ചാണ് എന്റെ ചിന്തകള്‍’, രാജ്യം വേദനയോടെ നിലവിളിക്കുകയാണ്,’ എന്നായിരുന്നു കെജ്‌രിവാള്‍ സന്ദേശത്തില്‍ പറഞ്ഞത്.

കെജ്രിവാളിന്റെയും ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ദല്‍ഹി രാംലീല മൈതാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോകതന്ത്ര ബച്ചാവോ മഹാ റാലി സംഘടിപ്പിച്ചത്. കോണ്‍ഗ്രസിനും സി.പി.ഐക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളിലുള്ള പ്രതിഷേധം അറിയിക്കാന്‍ കൂടിയാണ് റാലി.

സഖ്യത്തിലെ 28 പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, ചംപായ് സോറന്‍, കല്പന സോറന്‍ തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയിലില്‍നിന്നും കെജ്‌രിവാള്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിത സമ്മേളനത്തില്‍ വായിച്ചു.

രാജ്യവ്യാപകമായി 24 മണിക്കൂര്‍ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സര്‍ക്കാര്‍ സ്‌കൂളുകള്‍, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകള്‍, സ്വാമിനാഥന്‍ കമ്മിറ്റി പ്രകാരം വിളകള്‍ക്ക് താങ്ങുവില, ദല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി തുടങ്ങിയവയാണ് കെജ്‌രിവാളിന്റെ വാഗ്ദാനങ്ങള്‍.

Tags