ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി KSRTC നിരക്ക് വര്‍ധന

KSRTC with Volvo for leisure travelers
KSRTC with Volvo for leisure travelers

ക്രിസ്തുമസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസി നിരക്ക് വര്‍ധന. പതിവ് സര്‍വീസുകളില്‍ 50 ശതമാനമാണ് കേരള ആര്‍.ടി.സി വര്‍ധിപ്പിച്ചത്. ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെയുള്ള സര്‍വീസുകളിലാണ് അധിക നിരക്ക് ഏര്‍പ്പെടുത്തിയത്.

തിരക്കുള്ള സമയങ്ങളില്‍ ‘ഫ്‌ലെക്‌സി ടിക്കറ്റ്’ എന്ന പേരില്‍ കെഎസ്ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണയാണ്. എന്നാല്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതിലെ പരിധി. ഈ തവണയത് 50 ശതമാനമായി ഉയര്‍ത്തി. ബംഗളൂരു തിരുവനന്തപുരം റൂട്ടില്‍ 1300 മുതല്‍ 1800 രൂപ വരെയാണ് നിലവിലെ നിരക്ക്. ഡിസംബര്‍ 18ന് ശേഷം 1700 മുതല്‍ 2800 രൂപ വരെ നല്‍കണം.


എറണാകുളത്തേയ്ക്ക് 800 മുതല്‍ 1200 രൂപ വരെയാണ് യാത്രക്ക് ആവശ്യം. എന്നാല്‍ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളില്‍ 1200 മുതല്‍ 2000 വരെ നല്‍കണം. കോഴിക്കോട് റൂട്ടിലും മറിച്ചല്ല സാഹചര്യം. 400 മുതല്‍ 600 രൂപ വരെ സാധാരണ നിരക്ക്. ഡിസംബര്‍ 18ന് ശേഷം നിശ്ചയിച്ചിരിക്കുന്നത് 500 മുതല്‍ 1100 രൂപ വരെ.

ട്രെയിന്‍ റിസര്‍വേഷന്‍ കൃത്യമായി ലഭിക്കാത്തതും, സ്വകാര്യ ബസുകളിലെ കൊള്ളയും ഒരു ഭാഗത്ത് നില്‍ക്കുമ്പോഴാണ് KSRTC യും യാത്രക്കാരെ പിഴിയുന്നത്. കുടുംബമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പോയി വരവിന് മാത്രം വലിയ തുക മുടക്കേണ്ടിവരും. 

Tags