കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ രാഷ്ട്രീയം കളിക്കുന്നു : പശ്ചിമ ബംഗാൾ മന്ത്രി


കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കിം.
മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുക്കപ്പെട്ടത് ജനവിധിയിലൂടെയാണ്. ദുഃഖത്തിലായ മാതാപിതാക്കളെ കളിപ്പാവകളായി ഉപയോഗിക്കുന്നവരല്ല മമതയെ തെരഞ്ഞെടുത്തെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു.
മമത ബാനർജി സർക്കാറിനെ അപകീർത്തിപ്പെടുത്താനും ഗൂഢാലോചന നടത്താനും ആഗ്രഹിക്കുന്ന ശക്തികൾ ആർ.ജി കർ ആശുപത്രിയിലെ ഇരയുടെ മാതാപിതാക്കളെ ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആരോപിച്ചു.
തങ്ങളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ തെളിവുകൾ നശിപ്പിക്കാൻ പൊലീസിന്‍റെയും ആശുപത്രി അധികൃതരുടെയും ശ്രമത്തിന്‍റ ഉത്തരവാദിത്തത്തിൽ നിന്ന് പിൻമാറാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തള്ളിക്കളയാനാവില്ലെന്ന് ഇരയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.
കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചതായും അതേസമയം എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സി.ബി.ഐ പരാജയപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ അവകാശപ്പെട്ടു.
ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജി കർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നും കണ്ടെടുത്തു.

കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.