കശ്മീരിൽ ഏറ്റുമുട്ടലിൽ പൊലീസ് ഓഫിസറും ഗുണ്ടാത്തലവനും കൊല്ലപ്പെട്ടു

google news
hguihuy

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലെ മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപം പൊലീസുമായുള്ള വെടിവെപ്പിൽ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ പൊലീസ് ഓഫിസറും മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്.ഐ ദീപക് ശർമ്മയാണ് ചികിത്സക്കിടെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതക കേസിലെ പ്രധാന പ്രതിയായ ഗുണ്ടാത്തലവൻ വാസുദേവിനെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പിന്തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെ മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് വെടിവെപ്പ് ഉണ്ടായത്. വാസുദേവ് മരിക്കുകയും കൂട്ടാളികളിൽ ഒരാൾക്ക് വെടിയേൽക്കുകയും ചെയ്തു.

തിരിച്ചുണ്ടായ വെടിവെപ്പിൽ എസ്.ഐ ദീപക് ശർമയ്ക്കും സ്പെഷ്യൽ ഓഫിസർ അനിൽ കുമാറിനും പരിക്കേൽക്കുകയായിരുന്നു. ഇവരെ ആദ്യം കത്വയിലെ മെഡിക്കൽ കോളജിലും തുടർന്ന് പത്താൻകോട്ടിലെ അമൻദീപ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ, ദീപക് ശർമ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം കത്വത്തിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags