കാശ്മീരിൽ സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചൊരു ഗ്രാമം

google news
kashmir dowry

സ്ത്രീധന പീഡനങ്ങളും അതെ ചുറ്റിപ്പറ്റിയുള്ള ഗാർഹിക പീഡനങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. നമ്മുടെ ഇന്ത്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും ഏറെ പേടിപെടുത്തുന്നതാണ്. സ്ത്രീധന നിരോധന നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇവിടെ കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല എന്ന വസ്തുതയും തള്ളിക്കളയാനാകില്ല. എന്നാൽ ഈ ലോകത്തിന് മുന്നിൽ മാതൃകയാവുകയാണ് കശ്മീരിലെ ഒരു കൊച്ചുഗ്രാമം.

മലകളാലും വയലുകളാലും ചുറ്റപ്പെട്ട പച്ചപ്പ് നിറഞ്ഞ അതിമനോഹരമായ ഗ്രാമം. കാണാൻ മാത്രമല്ല ആചാരങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തമാണ് ഇവിടം. പേര് ബാബ വയിൽ. സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്ത്രീധന രഹിത ഗ്രാമം എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ആഡംബര വിവാഹങ്ങളും സ്ത്രീധനവും നിരോധിച്ചിരിക്കുകയാണ്.

സ്ത്രീധനം എന്നത് ഒരു വധു അവരുടെ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്ന സ്വത്ത് അല്ലെങ്കിൽ പണമാണ്. ഈ ഗ്രാമത്തിൽ സ്ത്രീധനം കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ, സ്ത്രീധനം വാങ്ങുകയോ നൽകുകയോ ചെയ്യില്ലെന്ന് എല്ലാ ഗ്രാമവാസികളും ഗ്രാമത്തിലെ പ്രമുഖരും അധികാരികളും ഒരു സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് നൽകിയിട്ടുണ്ട്.

ഉടമ്പടി പ്രകാരം വധുവിന്റെ കുടുംബത്തിൽ നിന്ന് ആഭരണങ്ങൾ, ടെലിവിഷൻ, റഫ്രിജറേറ്റർ, വസ്ത്രങ്ങൾ തുടങ്ങിയ ഒരു സാധനങ്ങളും ആവശ്യപ്പെടാൻ ഒരു വ്യക്തിക്കും അവകാശമില്ല എന്നാണ് എഴുതിരിക്കുന്നത്. നിയമം ലംഘിക്കുന്നത് ആരായാലും സമൂഹത്തിൽ നിന്ന് അവരെ ബഹിഷ്കരിക്കും. ജീവിതകാലം മുഴുവൻ പള്ളിയിയിലും പ്രവേശനം നിഷേധിക്കപ്പെടും. മരണ ശേഷം ആ വ്യക്തിയെയോ കുടുംബത്തെയോ പ്രാദേശിക ശ്മശാനത്തിൽ സംസ്‌കരിക്കാനും അനുവദിക്കില്ല. തുടങ്ങിയ നിബന്ധനകളാണ് ഒപ്പിട്ട് നൽകിയ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വരന്റെ വീട്ടുകാർ വധുവിന്റെ ഭാഗത്ത് നിന്ന് ഒന്നും തന്നെ ആവശ്യപ്പെടരുതെന്നും രേഖയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പകരം, ആൺകുട്ടിയുടെ ഭാഗത്ത് നിന്ന് മഹർ ഇനത്തിൽ കുറഞ്ഞത് 15,000 രൂപയും അവളുടെ വിവാഹത്തിന് ഷോപ്പു ചെയ്യാൻ 20,000 രൂപയും നൽകണം.

1985 മുതൽ ഇവിടെ സ്ത്രീധനം ഒഴിവാക്കിയിരുന്നെങ്കിലും 2004 ലാണ് ഇവിടുത്തുകാർ രേഖാമൂലം എഴുതി ഒപ്പിട്ട് ഇത് പ്രാപല്യത്തിൽ കൊണ്ടുവന്നത്. ഈ തീരുമാനത്തിന്റെ ലക്ഷ്യം സ്ത്രീധനം എന്ന വിവാഹ ആചാരം അവസാനിപ്പിക്കുക എന്നതായിരുന്നു. നിരവധി പേരാണ് സ്ത്രീധനത്തിന്റെ പേരിൽ യാതനകൾ അനുഭവിക്കുന്നത്. ഈ ഗ്രാമത്തിലെ സ്ത്രീധന കേസുകൾ വർധിക്കുകയും നിരവധി പെൺകുട്ടികളുടെ ജീവിതം താറുമാറുകയും ചെയ്തതോടെയാണ് ഗ്രാമാവാസികളും അധികാരികളും ചേർന്ന് ഇങ്ങനെയൊരു തീരുമാനം എടുത്തത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കാശ്മീരിൽ 2019 നെ അപേക്ഷിച്ച് 2020 ൽ 15% വർധനവാണ് കേസിൽ വന്നിരിക്കുന്നത്. എന്താണെങ്കിലും ഗ്രാമത്തിൽ സ്ത്രീധനം നിരോധിച്ചതോടെ ഗ്രാമവാസികളും സന്തോഷത്തിലാണ്.

Tags