തമാശ കാര്യമായി..; കുടചൂടി ബസ് ഓടിച്ച ഡ്രൈവര്‍ക്കും വീഡിയോ എടുത്ത വനിതാ കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍

driving

ബെംഗളൂരു: മഴയത്ത് കുടചൂടി ബസ് ഓടിച്ച ഡ്രൈവര്‍ക്കും ഇത് വീഡിയോ എടുത്ത വനിതാ കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി.യുടെ ധാര്‍വാഡ് ഡിപ്പോയിലെ ഡ്രൈവര്‍ ഹനുമന്തപ്പയെയും കണ്ടക്ടര്‍ അനിതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസിനകത്ത് കുട ചൂടിയിരുന്ന് ഒരു കൈ കൊണ്ട് സ്റ്റിയറിങ് പിടിച്ച് വണ്ടിയോടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. 

വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ ബസ് ചോരുന്നതിനാല്‍ ഡ്രൈവര്‍ കുടചൂടി വണ്ടിയോടിക്കുന്നു എന്ന തരത്തിലായിരുന്നു വ്യാപകമായി പ്രചരിച്ചത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആര്‍.ടി.സി. അധികൃതര്‍ നടപടിയെടുത്തത്. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വിശദീകരിച്ചു.

അനിതയുടെ പക്കലുണ്ടായിരുന്ന കുടവാങ്ങിയാണ് ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്. ഇതേസമയം ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും തമാശയ്ക്കായാണ്‌ ഡ്രൈവര്‍ കുടചൂടി ബസ് ഓടിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. 

Tags