ബലാത്സംഗ കേസിലെ ഇരയെ തട്ടിക്കൊണ്ട് പോയ കേസിൽ എച്ച് ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ തള്ളി കർണാടക ഹൈക്കോടതി
ബെംഗളൂരൂ: ജനതാദള്‍ നേതാവും ലൈംഗികാതിക്രമ കേസുകളിൽ അറസ്റ്റിലായ ഹാസനിലെ സിറ്റിംഗ് എംപി പ്രജ്വൽ രേവണ്ണയുടെ പിതാവുമായ എച്ച് ഡി രേവണ്ണയ്ക്ക് ആശ്വാസം. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയ കേസിൽ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കർണാടക ഹൈക്കോടതി തള്ളി.
കേസിലെ മറ്റെല്ലാ കൂട്ടുപ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പ്രത്യേകാന്വേഷണസംഘമാണ് രേവണ്ണയുടെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. അന്വേഷണസംഘത്തിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി തള്ളിയത്. പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബലാത്സംഗപരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയെന്നതാണ് രേവണ്ണയ്ക്ക് എതിരായ പരാതി.
രേവണ്ണയുടെ മകൻ പ്രജ്ജ്വൽ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച് ഡി രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. പൊലീസാണ് ഇവരെ രക്ഷിച്ചത്. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ വെളിപ്പെടുത്തുകയായിരുന്നു.