ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ

dengue
dengue

ബംഗളൂരു: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് ഈ വർഷം 7362 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു. 12 പേർ മരിക്കുകയും ചെയ്തു.

പകർച്ചവ്യാധി നിയന്ത്രണ ചട്ടപ്രകാരം ഡെങ്കിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതോടെ എല്ലാ ആശുപത്രികളിലും 10 കിടക്കകൾ ഡെങ്കി രോഗികൾക്കായി മാറ്റിവെക്കും. ചേരി മേഖലകളിൽ കൊതുകുവലകൾ സൗജന്യമായി നൽകും.

സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഉറവിട കൊതുക് നശീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ മുതലാണ് കർണാടകയിൽ ഡെങ്കി കേസുകൾ വർധിച്ചുതുടങ്ങിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ‘ഡെങ്കി വാർ റൂം’ തുറന്നിരുന്നു.

Tags