ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കര്‍ണാടക ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി

Siddaramaiah
Siddaramaiah

മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കര്‍ണാടക ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി . കേസിന്റെ പൂര്‍ണ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ കൈമാറിയത്. വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഗവര്‍ണറുടെ പുതിയ നീക്കം.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

ഭാര്യ പാര്‍വ്വതിക്ക് അവരുടെ സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍.

Tags