വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ 'രാജ്യം ആദ്യം, പാര്‍ട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്ന പാര്‍ട്ടി മന്ത്രവുമായി മുന്നോട്ട് പോകുമെന്ന് ജെ.പി.നദ്ദ
jpnadda

ബംഗളൂരു : കര്‍ണാടകയിലെ ബി.ജെ.പിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കര്‍ണാടകയില്‍ പത്ത് റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ വിവിധ പദ്ധതികളിലൂടെ 40 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സുഖമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ഹൊസപേട്ടയില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ.

കോണ്‍ഗ്രസ് വര്‍ഷങ്ങളായി ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്ന് നദ്ദ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിനെ പോലെ കര്‍ണാടക സര്‍ക്കാറും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് മിഷനു കീഴില്‍ സംസ്ഥാനത്ത് 46.31 ലക്ഷത്തിലധികം ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി ബി.ജെ.പിയും മോദി സര്‍ക്കാരും ചെയ്തതുപോലെ ആരും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച കിസാന്‍ സമ്മാന്‍ നിധിയിലൂടെ 58 ലക്ഷം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക പണ്ട് മതഭൂമിയായിരുന്നെന്നും ഇന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.ടി ഹബ്ബായി വളര്‍ന്നെന്നും നദ്ദ പറഞ്ഞു. കര്‍ണാടകയിലെ ബി.ജെ.പിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രകടനത്തില്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ 'രാജ്യം ആദ്യം, പാര്‍ട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്ന പാര്‍ട്ടി മന്ത്രവുമായി മുന്നോട്ട് പോകുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

Share this story