കത്രയില്‍ പുകയില ഉപഭോഗം നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

banned tobacco
ശ്രീനഗര്‍: കത്ര പട്ടണത്തില്‍ പുകയില ഉപഭോഗം നിരോധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് കത്രയില്‍ പുകയില നിരോധിക്കാനുള്ള ഉത്തരവിറക്കിയത്.

മാതാ വൈഷ്ണോ ദേവിയുടെ ഗുഹാക്ഷേത്രമായ കത്രയില്‍ സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പന്നങ്ങളുടെയും വില്‍പ്പനയും കൈവശം വയ്ക്കലും ഉപഭോഗവും ജമ്മു കശ്മീര്‍ ഭരണകൂടം ശനിയാഴ്ച നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

ലക്ഷകണക്കിന് തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന പുണ്യകേന്ദ്രത്തിന്റെ പവിത്രത നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള നിരോധനം ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വിശേഷ് മഹാജന്‍ പറഞ്ഞു.

മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന, കൈവശം വയ്ക്കല്‍, ഉപഭോഗം എന്നിവ കത്രയിലും സമീപ പ്രദേശങ്ങളിലും ഇതിനകം തന്നെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പുണ്യ കേന്ദ്രങ്ങളുടെ പവിത്രതക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കത്രയില്‍ ഇങ്ങനെയൊരു തീരുമാനം നടപ്പാക്കുക വഴി അത് ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം വലുതാണെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഇത് വലിയൊരു തുടക്കമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags