ത്രിവർണ പതാക : മോദി പറഞ്ഞിട്ടും ആർഎസ്എസ് അനുസരിക്കുന്നില്ല : രാഹുൽ
rahul gandiന്യൂഡൽഹി : സമൂഹമാധ്യമ മുഖചിത്രമായി ത്രിവർണ പതാക ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടും ആർഎസ്എസ് അത് അനുസരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ. 52 വർഷമായി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

‘ത്രിവർണ പതാക ഉയരത്തിൽ പറക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ ജീവൻ ബലികഴിച്ചത്. എന്നാൽ ഒരു സംഘടന മാത്രം ത്രിവർണ പതാകയെ അംഗീകരിക്കാൻ മടിക്കുന്നു. 52 വർഷമായി അവരുടെ സംഘടനാ ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്തിയിട്ടില്ല. ത്രിവർണ പതാകയെ അപമാനിച്ചു... ഇപ്പോൾ ആ സംഘടനയിൽനിന്നു വന്നവർ ത്രിവർണ പതാകയുടെ ചരിത്രം പറയുന്നു, ‘ഓരോ വീട്ടിലും ത്രിവർണ പതാക’ എന്ന ക്യാംപെയ്ൻ നടത്തുന്നു’– രാഹുൽ ഗാന്ധി പറഞ്ഞു. ദേശീയ പതാക ഉണ്ടാക്കുന്നവരുടെ ഉപജീവനമാർഗവും ആർഎസ്എസ് നശിപ്പിച്ചു എന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേശും ഇതു തന്നെ ട്വീറ്റ് ചെയ്തു.

എന്നാൽ വിഷയം രാഷ്ട്രീയവൽകരിക്കേണ്ട ആവശ്യമില്ലെന്ന് ആർഎസ്എസ് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവം എന്ന പരിപാടിക്ക് ആർഎസ്എസ് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ആർഎസ്എസ് വക്താവ് പ്രതികരിച്ചു. സംഘടനയിലെ നിരവധി പേർ സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ത്രിവർണ പതാകയാക്കിയെന്നും ആർഎസ്എസ് വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

‘മറ്റു പല രാഷ്ട്രീയ സംഘടനകളെയും പോലെയല്ല, സമൂഹമാധ്യമത്തോടും സാങ്കേതിക വിദ്യയോടും ആർഎസ്എസിന് വലിയ അഭിനേവേശമില്ല. ഇത് ത്രിവർണപതാകയോടുള്ള എതിർപ്പായി കാണരുത്. ദേശീയ പതാകയ്ക്കായി ജീവൻ ത്യജിച്ചവർ ഇവിടെയുമുണ്ട്’– ആർഎസ്എസ് വൃത്തങ്ങൾ പറഞ്ഞു. 
 

Share this story