
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 8000ത്തിന് മുകളിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 8,822 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 5,24,792 ആയി ഉയർന്നു.
രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 53,637 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 5,718 പേർ കോവിഡ് മുക്തി നേടി. നിലവിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,67,088 ആയി.
98.66 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക്. രാജ്യത്ത് മഹാരാഷ്ട്ര, കേരളം, കർണാടക, ഡെൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതർ ചികിൽസയിൽ കഴിയുന്നത്.