ഉത്തരാഖണ്ഡില്‍ 'അനധികൃത' മദ്രസ തകര്‍ത്തു; സംഘര്‍ഷം

google news
protest

ഹല്‍ദ്വാനിയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന മദ്രസ മുനിസിപ്പല്‍ അധികൃതര്‍ തകര്‍ത്തതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനിടെ പ്രതിഷേധ സംഘം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതിനെ തുടര്‍ന്ന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഹല്‍ദ്വാനിയിലേക്ക് അധിക സേനയെ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചിട്ടുണ്ട്.


കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ധാമി ഹല്‍വാനിയുടെ ബന്‍ഭൂല്‍പുരയില്‍ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹല്‍ദ്വാനിയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുര പ്രദേശത്ത് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം കയ്യേറ്റ വിരുദ്ധ നടപടികള്‍ കൈക്കൊള്ളാന്‍ പോയിരുന്നു. അവിടെയുള്ള സാമൂഹിക വിരുദ്ധര്‍ പൊലീസുമായി കലഹത്തില്‍ ഏര്‍പ്പെട്ടു. കുറച്ച് പൊലീസുകാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പൊലീസിന്റെയും കേന്ദ്ര സേനയുടെയും കൂടുതല്‍ ആളുകളെ അവിടേക്ക് അയക്കുന്നുണ്ട്. സമാധാനം നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്', പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

Tags