ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് 'മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ല : കോൺഗ്രസ്

CONGRESS
CONGRESS

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് ഒരു തരത്തിലും ‘മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ലെന്ന് കോൺഗ്രസ്. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പൂട്ടുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

 ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവർത്തനം തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ ഫലമായി ബി.ജെ.പി സർക്കാറിന്റെ ​ശത്രുത ഹിൻഡൻബർഗ് പിടിച്ചുപറ്റിയിരുന്നു. നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട്, അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിയെ നിർബന്ധിതരാക്കിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് മോദാനി മെഗാ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. ദേശീയ താൽപര്യം നഷ്ടപ്പെടുത്തി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഇന്ത്യൻ വിദേശനയത്തിന്റെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വ്യവസായികളെ നിർണായക ആസ്തികൾ വിഭജിക്കാൻ നിർബന്ധിതരാക്കാനും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധം, സിമന്റ് എന്നിവയിൽ കുത്തകകൾ കെട്ടിപ്പടുക്കാൻ അദാനിയെ സഹായിക്കാനുമായി അന്വേഷണ ഏജൻസികളുടെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. അദാനിയുമായുള്ള താൽപര്യ വൈരുധ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘സെബി’ പോലുള്ള സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് കോൺ​ഗ്രസ് പറഞ്ഞു.

Tags