
ചെന്നൈ : കര്‍ണാടകയ്ക്ക് പിന്നാലെ ഹിജാബിന്റെ പേരില്‍ തമിഴ്നാട്ടിലും വിലക്ക്. മകനെ സ്കൂളില്‍ ചേര്‍ക്കാനെത്തിയ മുസ്ലിം യുവതിയോടാണ് സ്കൂളിലെ ജീവനക്കാരന് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടത്.
ഈസ്റ്റ് താംബരത്തെ സ്വകാര്യ സ്കൂളിലാണ് സംഭവം. ജീവനക്കാരന്റെ നടപടിയെക്കുറിച്ച് സ്കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടെങ്കിലും അവരും ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരേ യുവതിയുടെ ഭര്‍ത്താവ് ആഷിഖ് മീരാന്‍ പോലിസില്‍ പരാതി നല്കി. ചെന്നൈയിലെ സേലയൂര്‍ പോലിസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
എല്‍കെജി ക്ലാസില്‍ മകനെ ചേര്ക്കാനെത്തിയതായിരുന്നു ഹിജാബ് ധരിച്ച മുസ്ലിം യുവതിയും ഭര്‍ത്താവും. എന്നാല്‍, സ്കൂള്‍ കോംബൗണ്ടിൽ ഹിജാബ് വിലക്കിയിരിക്കുകയാണെന്നും അഴിക്കണമെന്നും സ്കൂളിലെ ജീവനക്കാരന് ആവശ്യപ്പെടുകയായിരുന്നു. സ്കൂള്‍ കോംബൗണ്ടിൽ ഹിജാബ് നിരോധിച്ചിരിക്കുകയാണെന്നായിരുന്നു ജീവനക്കാരന്റെ വാദം. തുടര്‍ന്ന് ദമ്പതികള്‍ ഇക്കാര്യത്തെക്കുറിച്ച് സ്കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. എന്നാല്‍, ജീവനക്കാരന്റെ നിലപാടിനെ പ്രിന്‍സിപ്പല്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്.
സ്കൂള്‍ പരിധിയില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ദമ്ബതികളോട് പറഞ്ഞതായി സെലയൂര്‍ പോലിസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഐഎഎന്‍എസിനോട് പറഞ്ഞു. സ്കൂളില്‍ നിന്ന് പുറത്തിറങ്ങിയ മീരാനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് സേലയൂര്‍ പോലിസില്‍ പരാതി നല്കി.
സ്കൂള്‍ പ്രിന്‍സിപ്പലിനെ കണ്ട് പരാതിയെക്കുറിച്ച് പ്രതികരണം അറിയിക്കുമെന്നും സ്കൂളിലെ മറ്റ് അധ്യാപകരുമായും സ്റ്റാഫ് അംഗങ്ങളുമായും സംസാരിക്കുമെന്നും പോലിസ് ഉദ്യോഗസ്ഥന് പറഞ്ഞു. അയല്‍രാജ്യമായ കര്‍ണാടകയില്‍ ഹിജാബ് വിവാദമുയരുമ്ബോഴും തമിഴ്നാട്ടില്‍ ഹിജാബിന്റെ പേരില്‍ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്കൂള്‍ അധികൃതരുടെ നടപടി സംസ്ഥാന സര്‍ക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും അസ്വസ്ഥമാക്കുകയാണ്.
'ഇത് നിര്‍ഭാഗ്യകരമാണ്, വ്യാഴാഴ്ച സ്കൂളില്‍ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പരിശോധിക്കും. സ്കൂള്‍ അധികൃതര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. പോലിസ് അന്വേഷണം ആരംഭിച്ചതായും റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും തമിഴ്നാട് സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പ്രതികരിച്ചു. ഫെബ്രുവരിയില്‍ നഗര, തദ്ദേശ, തിരഞ്ഞെടുപ്പിനിടെ മധുരയിലെ ഒരു ബൂത്തില്‍ പോളിങ് ഏജന്റായിരുന്ന ബിജെപി പ്രവര്ത്തകന് വനിതാ വോട്ടറോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.