ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ അടിയന്തര ഇടപെടലുമായി ഹൈകോടതി
highcourt

കൊച്ചി: ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ അടിയന്തര ഇടപെടലുമായി ഹൈകോടതി. ദാരുണസംഭവം മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട കോടതി, ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടക്കാൻ അധികൃതർക്ക് നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതു സബന്ധിച്ച ഉത്തരവിട്ടത്.

കോടതി അവധിയായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹരജിയിൽ ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുഖേനയാണ് പാലക്കാട്ടെ ദേശീയപാത ​പ്രോജക്ട് ഡയറക്ടർ, ദേശീയപാത കേരള റീജനൽ ഡയറക്ടർ എന്നിവർക്ക് കോടതി നിർദേശം നൽകിയത്. കോടതി ഇടപെടലിനെ തുടർന്ന് അധികൃതർ ഉടനടി കുഴിയടക്കൽ തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണുണ്ടായ അപകടത്തിൽ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിം മരിച്ചത്. അങ്കമാലി ബദരിയ ഹോട്ടലിലെ കാഷ്യറായിരുന്ന ഹാഷിം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ, നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന്​ മുന്നിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുകയായിരുന്നു.

ദേശീയപാതയിലെ കുഴികൾ അപകടക്കെണികളാണെന്ന് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുള്ള ഹരജികളിൽ കക്ഷികൾ കോടതിയെ അറിയിച്ചിരുന്നു. അതേസമയം അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ടെന്നും കുഴിയടക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ദേശീയപാത അധികൃതരും വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ അപകടം ഉണ്ടായത്​.

Share this story