ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഒരു അതിജീവിത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഒപ്പം പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ കുറ്റകൃത്യം സംബന്ധിച്ച വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നാണ് എസ്‌ഐടിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദ്ദേശം. കുറ്റകൃത്യം സംബന്ധിച്ച വിവരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാമെന്ന ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. ഹൈക്കോടതിയുടെ ഉത്തരവില്‍ പിഴവുണ്ടെന്ന സജിമോന്‍ പാറയിലിന്റെ വാദം തെറ്റാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.